ടോക്കിയോ: ഒളിമ്പിക്സ് അരങ്ങേറാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ ഒളിമ്പിക്സ് വില്ലേജിൽ രണ്ടു കായികതാരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഒളിമ്പിക്സിലെ രണ്ട് കായികതാരങ്ങൾക്കും സംഘാടക ചുമതലയുള്ള ഒരു വ്യക്തിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഒളിംപിക്സ് സംഘാടക ചുമതലയുള്ള വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്.
ഇതിനുശേഷം ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ കോവിഡിനെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒളിമ്പിക്സിന്റെ ആവേശത്തെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
ജൂലൈ ഒന്നിനും 16നും ഇടയിൽ പതിനയ്യായിരത്തോളം കായിക താരങ്ങളാണ് ടോക്കിയോയിൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ എത്തിയത്. പ്രവേശന നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മുൻവർഷങ്ങളിലെ ഒളിമ്പിക്സ് വേദിയിൽ നിന്നുള്ള കാണികളുടെ ശബ്ദവിന്യാസമാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വർഷത്തെ ഒളിമ്പിക്സ് വേദിയിൽ ഉപയോഗിക്കുന്നത്.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വേദികളിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. പകരം ആവേശം ഒട്ടും ചോരാതെ സാങ്കേതികവിദ്യയുടെ സഹായത്തോടെ തൽസമയം കാണികൾക്ക് ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
Story Highlights: Two athletes tested positive for covid19 in Tokyo Olympics games village.