ടെലിവിഷൻ താരമായ ഉർഫി ജാവേദിനെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ കൊച്ചുമകളാക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ പ്രചാരണം. മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഉർഫിയുടെ ചിത്രം മുൻനിർത്തികൊണ്ടാണ് ജാവേദ് അക്തറിന്റെ ആർഎസ്എസ് വിമർശനത്തിന് സംഘ്പരിവാർ അനുകൂലികളുടെ ആരോപണം.
അവസാനം, ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ശബാന ആസ്മി തന്നെ ഉർഫി തങ്ങളുടെ ആരുമല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരിന്റെ അവസാനം ജാവേദ് ആയതുകൊണ്ട് ജാവേദ് അക്തറുമായി തന്നെ ബന്ധപ്പെടുത്തുന്നത് ഒരു തമാശയാണെന്ന് ഉർഫിയും പറഞ്ഞു.
ഉർഫി തന്റെ ശരീരഭാഗങ്ങൾ കാണുന്ന രീതിയിൽ ജാക്കറ്റ് ധരിച്ച് വിമാനത്താവളത്തിലൂടെ നീങ്ങുന്ന ചിത്രമാണ് സംഘ്പരിവാർ ജാവേദ് അക്തറിനെതിരെ ഉയർത്തിക്കാട്ടിയത്. ബജ്രങ്ദൾ പോലുള്ള ഹിന്ദു സംഘങ്ങളും ആർഎസ്എസും താലിബാനെപോലെയാണെങ്കിൽ ഇന്ത്യയിൽ ഇത്തരം വസ്ത്രങ്ങൾ ഉർഫിക്ക് ധരിക്കാനാകുമോ എന്നായിരുന്നു ചോദ്യം.
ജാവേദ് അക്തറിന്റെ കൊച്ചുമകൾ ഉർഫി ജാവേദ് ആണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടന്നത്. വ്യാജപ്രചാരണം വെളിച്ചത്തായതോടെ ഇന്ത്യന് സംസ്കാരത്തിനു വിരുദ്ധമായ വസ്ത്രങ്ങളണിഞ്ഞു പൊതുരംഗത്ത് എത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉർഫിക്കെതിരായ വിമർശനങ്ങൾ.
Story highlight : Shabana Azmi with an explanation against the RSS Campaign.