
ഇസ്രായേൽ സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖരാണ് പട്ടികയിലുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്ന 2018-19 കാലഘട്ടത്തിലാണ് അന്ന് എഐസിസി അധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്. രാഹുൽഗാന്ധിയുടെ രണ്ട് മൊബൈൽഫോണുകളും ലക്ഷ്യം വെച്ചിരുന്നതായാണ് വിവരം.
ഇതേസമയം തന്നെയാണ് പ്രിയങ്കഗാന്ധി യുടെയും ഫോൺ ചോർത്തിയത്. അന്ന് പ്രിയങ്കഗാന്ധിക്ക് ഫോണിൽ ചോർത്തപെട്ടുവെന്ന് അലർട്ട് മെസ്സേജ് വന്നിരുന്നു. അന്നിത് വിവാദമാകുകയും ചെയ്തു. രാഹുൽ ഗാന്ധിയെ കൂടാതെ ഇദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുള്ള അഞ്ചുപേരുടെ ഫോണും ചേർത്തിയിട്ടുണ്ട്.
ഇവർക്കു പുറമേ അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്റൂ, പ്രവീൺ തോഗാഡിയ, സഭയിൽ വിശദീകരണം നൽകിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോർത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസായ രഞ്ജൻ ഗോഗോയ്ക്കെതിരെ ആരോപണമുന്നയിച്ച യുവതിയുടെ മൂന്ന് മൊബൈൽ ഫോണുകളും ചോർത്തി. യുവതിയെ കൂടാതെ കുടുംബത്തിലെ 11 പേരുടെ മൊബൈൽ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ട്.
ഇസ്രായേൽ ചാരസംഘടന സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഉന്നതരുടെ ഫോൺ ചോർത്തിയെന്ന വാർത്ത പുറത്തുവന്നത് ഇന്നലെയാണ്.
ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിന്റെ അറിവോടെയാണ് ഫോൺചോർത്തൽ നടന്നതെന്ന വാർത്തയും വന്നിരുന്നു. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവും ആണെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക രോഹിണി സിംഗും ഫോൺ ചോർത്തപെട്ടവരുടെ പട്ടികയിലുണ്ട്.
റഫാൽ കരാർ സംബന്ധിച്ച് 2018 ൽ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് മാധ്യമപ്രവർത്തകൻ സുശാന്ത് സിംഗിന്റെ ഫോൺ വിവരങ്ങളും ചോർത്തപെട്ടു.
ഫോൺ ചോർത്തപെട്ടവരുടെ പട്ടികയിലുള്ള മറ്റു മാധ്യമ പ്രവർത്തകരും സർക്കാരിനെതിരെ സുപ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്തവരാണ്.
കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ വിവരങ്ങൾ ഇസ്രായേൽ കമ്പനിയായ പെഗാസസ് ചോർത്തിയെന്നാണ് വെളിപ്പെടുത്തലുണ്ടായത്.
Story Highlights: Pegasus phone tapping scam list includes Rahul and Priyanka