സ്വയം സഹായ സംഘങ്ങൾക്ക് ഈടോ മറ്റു സെക്യൂരിറ്റിയോ ഇല്ലാതെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമായി ഒറ്റയടിക്ക് ഉയർത്തി. കഴിഞ്ഞയാഴ്ച സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി.
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പരിപാടിയുടെ കീഴിൽ കേന്ദ്ര സർക്കാരിന്റെ ‘ദീനദയാൽ അന്ത്യോദയ യോജന’ എന്ന പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഈ വായ്പകൾ നൽകുന്നത്. ഇത് കുടുംബശ്രീ അയൽക്കൂട്ട പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാകും.
ദേശവ്യാപകമായി, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളിൽ സ്ത്രീകളാണ് ഏറിയ തോതും. ഉപജീവനത്തിനുള്ള വായ്പ, വീടു പണി, കല്യാണം തുടങ്ങിയ ആവശ്യങ്ങൾ, പുറത്തു നിന്നെടുത്ത ഉയർന്ന പലിശ നിരക്കിലുള്ള വായ്പ്പകളുടെ തിരിച്ചടവ് എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ട് പാവപ്പെട്ടവർക്ക് ചെറുകിട വായ്പകൾ നൽകി ‘പൂർണ സാമ്പത്തിക ഉൾപ്പെടുത്തൽ’ നടപ്പിലാകണമെന്നാണ് ബാങ്കുകളോട് നിർദേശിച്ചിട്ടുള്ളത്. 25,000 രൂപമുതൽ 2 ലക്ഷം രൂപ വരെയുള്ള വായ്പകൾ സാധാരണ കുടുംബങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്.
Story highlight : more loans for Kudumbasree members.