രാജ്യത്ത് ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിലാണ് 11 വയസ്സുകാരൻ പക്ഷി പനി ബാധിച്ച് മരിച്ചത്.
ഹരിയാന സ്വദേശിയായ കുട്ടിയെ ജൂലൈ രണ്ടിനാണ് എച്ച്5എൻ1 പനിമൂലം ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കടുത്ത പനിയും ചുമയുമായിരുന്നു രോഗലക്ഷണങ്ങൾ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.
പനി,പേശിവേദന,തലവേദന, വയറുവേദന, ചുമ, വയറിളക്കം തുടങ്ങിയവയാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. അണുബാധയേറ്റ പക്ഷിയെ സ്പർശിക്കുന്നതോ സമ്പർക്കമോ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ കാരണമായേക്കാം.
കൂടാതെ അണുബാധയേറ്റ പക്ഷിയുടെ വിസർജ്യമോ കൂടോ സ്പർശിക്കുന്നതും പനി ബാധിക്കാൻ കാരണമാകും. അണുബാധയേറ്റ പക്ഷിയെ ഭക്ഷിക്കുന്നതിലൂടെയും പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ കാരണമായേക്കും.
പക്ഷിപ്പനിക്ക് വാക്സിൻ ലഭ്യമാണോ? പ്രതിരോധമെങ്ങനെ?
നിലവിൽ പക്ഷിപ്പനിക്ക് വാക്സിൻ ലഭ്യമല്ല. കോഴി, താറാവ് പോലെയുള്ള പക്ഷികളുടെ മാംസം പാകം ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ ശുചിയായി വൃത്തിയാക്കുക. പ്രത്യേക പാത്രങ്ങളാണ് പച്ച ഇറച്ചിക്കും വേവിച്ച ഇറച്ചി ക്കുമായി ഉപയോഗിക്കേണ്ടത്.
ഇറച്ചി നല്ല ചൂടിൽ വേവിച്ചതിനു ശേഷം മാത്രം ഭക്ഷിക്കുക. പച്ചമുട്ട കഴിക്കാതിരിക്കുകയും ജീവനുള്ള പക്ഷികളുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്യുക.
Story Highlights: 11 year old died due to bird flu.