പ്രമുഖ വീഡിയോ ഗെയിമായ പബ്ജി കളിച്ച് കൗമാരക്കാരൻ അമ്മയുടെ അകൗണ്ടിൽ നിന്നും ചിലവാക്കിയത് 10ലക്ഷം രൂപ. ഇതേതുടർന്ന് മാതാപിതാക്കൾ ശാസിച്ചതിനാലാണ് മുംബൈ ജോഗേശ്വരിയിൽ 16 വയസുകാരൻ വീടുവിട്ടോടിയത്.
അന്ധേരിയ്ക്കടുത്ത് മഹാകാളി ഗുഹയിൽ ഒളിച്ചിരുന്ന കുട്ടിയെ പോലീസുകാർ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.
പ്രായപൂർത്തിയാകാത്തതിനാൽ തട്ടിക്കൊണ്ടുപോകലിന് കേസും രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം നടത്തവെയാണ് ഓൺലൈൻ ഗെയ്മായ പബ്ജിക്ക് കുട്ടി അടിമയായിരുന്നെന്നും മാതാപിതാക്കൾ ശാസിച്ചെന്നും കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഗുഹയിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയ ശേഷം മാതാപിതാക്കളോട് വിട്ടയച്ചു.
Story Highlights: Teen from Mumbai spends 10 lakh on Pubg and later runs away