ന്യൂഡൽഹി: സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം നിർത്തലാക്കുന്നതിന്റെ ഭാഗമായി നാഷണൽ ഡിഫെൻസ് അക്കാദമി (എൻഡിഎ) യിലും, നേവൽ അക്കാദമിയിലും വനിതകൾക്കും പ്രവേശനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ചൊവ്വാഴ്ച കൈക്കൊണ്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തീരുമാനത്തോട് അനുകൂലിച്ച കോടതി വനിതകളുടെ പ്രവേശനത്തിനായുള്ള മാർഗ്ഗ രേഖ തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചു.
എൻഡിഎ യിലും നേവൽ അക്കാദമിയിലും വനിതകൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് വിമർശിച്ചുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സുപ്രധാനമായ ഈ തീരുമാനം കോടതിയെ അറിയിച്ചത്. വനിതകളെ നിയമിക്കാൻ ഇന്നലെ തീരുമാനമായതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ഇതൊരു ചരിത്രപരമായ തീരുമാനമാണെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.
Story highlight: Women will be given admission in NDA and Naval Academy.