ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങൾ മൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13 പേർ മരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
അസം, ബീഹാർ, ഉത്തർപ്രദേശ്,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വെള്ളപ്പൊക്ക ഭീഷണി ഉള്ളത്. ഡൽഹിയിൽ വിവിധ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു.
കനത്ത മഴയെ തുടർന്ന് അസമിൽ കാസിരംഗ നാഷണൽ പാർക്കിന്റെ 70 ശതമാനവും വെള്ളത്തിനടിയിലായി. 1295 ഗ്രാമങ്ങൾ അസമിൽ വെള്ളത്തിനടിയിലായതോടെ ഏകദേശം 6,48,000 പേർ ദുരിതബാധിതരായെന്നാണ് റിപോർട്ടുകൾ.
ബിഹാറിൽ 36 ജില്ലകളും ഉത്തർപ്രദേശിൽ 12 ജില്ലകളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം തുടർച്ചയായി കനത്ത മഴ ലഭിച്ചതോടെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
Story Highlights: Heavy rainfall in India.