ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.ഇതേ തുടർന്ന് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.നാളെയോടെ ചക്രവാതച്ചുഴി അറബിക്കടലിൽ പ്രവേശിച്ചേക്കും.
ബംഗാൾ ഉൾകടലിൽ ഇന്ന് പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും ഫലമായി കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story highlight : Heavy rain in the state today, Yellow alert in 10 District.