ഇസ്രായേൽ ചരസോഫ്ട്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്താൽ ഇന്ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും.
കോവിഡ് രണ്ടാം വ്യാപനം നേരിടുന്നതിലെ വീഴ്ച്ച, വിലക്കയറ്റം, കർഷകസമരം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതികരണങ്ങൾ ഇന്നുണ്ടായേക്കും. കർഷകസമരത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രേമേയത്തിന് നോട്ടീസ് നൽകിയേക്കാനാണ് സാധ്യത.
എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും ചർച്ചകളിൽ നിന്ന് ഓടിയൊളിക്കില്ലെന്നും സർക്കാർ സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുസഭകളിലെയും കക്ഷിനേതാക്കളുമായി സർവകക്ഷിയോഗം കേന്ദ്ര സർക്കാർ ഞായറാഴ്ച്ച വിളിച്ചു ചേർത്തിരുന്നു. ഇതിൽ 33 പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു.
സർക്കാരിന്റെ കാര്യ പരിപാടികൾ നടത്താൻ മാത്രമുള്ള വേദിയായി മാറരുത് പാർലമെന്റ് എന്നും മറ്റ് അംഗങ്ങൾക്ക് സമൂഹത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അവസരം നൽകണമെന്നും പ്രതിപക്ഷനേതാക്കൾ പറഞ്ഞു. കാർഷിക പരിഷ്കരണ ബില്ലുകൾ, പെട്രോൾ-ഡീസൽ വിലക്കയറ്റം, കോവിഡ് വാക്സിനേഷൻ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അതേസമയം ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിക്കണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാസ് കുമാർ എന്നിവരാണ് കേരളത്തിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ സർവകക്ഷിയോഗത്തിൽ പങ്കെടുത്തത്.
Story Highlights: Indian parliament monsoon session starts today.