
സ്വന്തം ജീവിത പങ്കാളിയെ ടോസ്സിട്ട് തിരഞ്ഞെടുത്ത ഒരാളുടെ കഥയാണ് ഇപ്പോൾ വാർത്തകളിൽ പ്രചരിക്കുന്നത്. രണ്ട് പെൺകുട്ടികളെ ഒരേസമയം പ്രണയിച്ച ഇരുപത്തേഴുകാരനാണ് യുവാവ്. രണ്ട് പെൺകുട്ടികളോടും കടുത്ത പ്രണയത്തിലായിരുന്ന യുവാവിന് തന്റെ ജീവിത പങ്കാളിയാരെന്ന് തീരുമാനിക്കാൻ സാധിക്കാതെ വന്നു. അവസാനം അതിനായി യുവാവ് കണ്ടെത്തിയ വഴിയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. നാണയം ടോസ്സിട്ടാണ് യുവാവ് പ്രശ്നപരിഹാരം തേടിയത്.
സംഭവം നടന്നത് കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലാണ്. സകലേഷ്പൂരിലെ ഗ്രാമത്തിലുള്ള ആ 27 വയസുകാരൻ ഒരു വർഷം മുമ്പാണ് അയൽ ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെൺകുട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. ഇരുവരും പതുക്കെ അടുക്കുകയും ഇതു പ്രണയത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ പ്രണയിച്ചുകൊണ്ടിരിക്കവെയാണ് യുവാവ് രണ്ടാമത്തെ യുവതിയെ കണ്ടുമുട്ടുന്നത്. ആദ്യ പ്രണയിനിയുടെ അതെ ഗ്രാമത്തിൽനിന്നും തന്നെയാണ് ആ യുവതിയും. പ്രായവും ഏതാണ്ട് അത്ര തന്നെ. യുവാവ് രണ്ടാമത്തെ യുവതിയുമായും പ്രണയത്തിലായി. എന്നാൽ തങ്ങൾ ഒരേ പുരുഷനെയാണ് പ്രണയിക്കുന്നതെന്ന് അറിയാതെ പെൺകുട്ടികൾ അയാള പ്രണയിച്ചുകൊണ്ടിരുന്നു.
എന്നാൽ, യുവാവിന്റെ പ്രണയം പൊളിയാൻ അധികം സമയം എടുത്തില്ല. യുവാവിനോപ്പം ഒരു പെൺകുട്ടിയെ കണ്ട അയാളുടെ ഒരു ബന്ധു യുവാവിന്റെ പിതാവിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോൾ താൻ ആ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ താൽപര്യമുള്ളതായും യുവാവ് അവരോട് പറഞ്ഞു. എന്നാൽ, വീട്ടുകാർ അയാളുടെ ആഗ്രഹത്തെ എതിർക്കുകയും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു.
എന്നാൽ പ്രണയിക്കുന്ന പെൺകുട്ടികളിൽ ഒരാൾ ഇതറിയുകയും അയാളോടുള്ള താൽപ്പര്യത്തെപ്പറ്റി അവളുടെ കുടുംബത്തോട് പറയുകയും ചെയ്തു . പ്രസ്തുത പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട്ടിലെത്തുകയും അവരുടെ പ്രണയത്തെ കുറിച്ച് പറയുകയും ചെയ്തു. എന്നാൽ അതെ സമയം തന്നെ യുവാവിനെ പ്രണയിക്കുന്ന രണ്ടാമത്തെ പെൺകുട്ടിയും അവളുടെ കുടുംബത്തോടൊപ്പം യുവാവിന്റെ വീട്ടിലെത്തി. അതോടെ ഗ്രാമം മുഴുവൻ യുവാവിന്റെ ത്രികോണ പ്രണയത്തെക്കുറിച്ച് അറിയുകയും യുവാവിന്റെ മാതാപിതാക്കൾ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.
തീർപ്പ് കൽപ്പിക്കാൻ ഒരു മാസം മുൻപ് പഞ്ചായത്ത് വിളിച്ചുകൂട്ടി. എന്നാൽ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ പഞ്ചായത്ത് പിരിച്ചുവിട്ടു. വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ആദ്യ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ അവൾ രക്ഷപ്പെടുകയുണ്ടായി. ഒടുവിൽ ഏത് പെൺകുട്ടിയെയാണ് വിവാഹം ചെയ്യേണ്ടതെന്ന് ടോസിട്ടു തിരഞ്ഞെടുക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. ടോസ് ആദ്യ പെൺകുട്ടിയ്ക്ക് അനുകൂലമായി വന്നു.
തുടർന്ന് രണ്ടാമത്തെ യുവതി വധുവിനെ അഭിനന്ദിക്കുകയും, യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. പോകുന്നതിനു മുൻപായി അവൾ യുവാവിന് മുന്നറിയിപ്പും നൽകി.”നീ എന്നെ ചതിച്ചു. നീ മനസ്സമാധാനത്തോടെ ജീവിക്കുമോ എന്നെനിക്കറിയില്ല. എന്നാൽ , ഞാൻ നിന്റെ മുന്നിൽ അന്തസ്സായി ജീവിച്ച് കാണിക്കും. നീ സൂക്ഷിച്ചോ, ഞാൻ നിന്നെ വെറുതെ വിടാൻ പോകുന്നില്ല ” എന്നായിരുന്നു ആ പെൺകുട്ടിയുടെ വാക്കുകൾ. ടോസിടുന്നതിന് മുമ്പ് തന്നെ ആത്മഹത്യക്ക് ശ്രമിച്ച ആദ്യ യുവതിയെ വിവാഹം കഴിക്കാൻ വരൻ തയ്യാറാകുകയും പഞ്ചായത്തിന്റെ തീരുമാനമനുസരിച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തു.
Story highlight : Two girls in love with one man.