ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കി: അകാലിദള്‍ നേതാവ്.

Anjana

ന്യുനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുനൽകി താലിബാൻ
ന്യുനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുനൽകി താലിബാൻ

ദില്ലി: അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കിയെന്ന് അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. അഫ്ഗാനിലെ വിവരങ്ങളറിയാന്‍ കാബൂള്‍ ഗുരുദ്വാര പ്രസിഡന്റുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താലിബാന്‍ വക്താക്കള്‍ കാബൂളിലെ കര്‍തെ പാര്‍വണ്‍ സാഹിബ് ഗുരുദ്വാരയിലെത്തി നേതാക്കളെ കാണുന്ന വീഡിയോയും മഞ്ജീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. താലിബാന്‍ ഭരണം പിടിച്ചതോടെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കും സിഖുക്കാർക്കും ആപത്ത് വരുമോ എന്ന സംശയം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ ഭയപ്പെടേണ്ടെന്നും നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന്‍ നേതാക്കള്‍ സിഖ് നേതാക്കളെ ഗുരുദ്വാരയിലെത്തി കണ്ട് അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാബൂളിലെ ഗുരുദ്വാരയില്‍ ഏകദേശം 200 സിഖുകാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

താലിബാന്‍ നേതാക്കള്‍ ഹിന്ദു, സിഖ് സമുദായ നേതാക്കളെ കണ്ടുവെന്നും സുരക്ഷ ഉറപ്പ് നല്‍കിയെന്നും മജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. 76 സക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സിഖ് നേതാക്കള്‍ പങ്കുവച്ചിരിക്കുന്നത്.

താലിബാന്‍ നേതാക്കളെന്ന് കരുതുന്നവരെയും വീഡിയോയില്‍ കാണാം. ഗുരുദ്വാരയില്‍ നിരവധി സിഖുകാര്‍ അഭയം തേടിയിരുന്നു. ഇവരുമായി താലിബാന്‍ നേതാക്കള്‍ സംസാരിച്ചുവെന്നും വിഡിയോയിൽ പറയുന്നു.

Story Highlight: Taliban assure hindu and sikh safety in afganistan.