വിവാഹം കഴിഞ്ഞ് നാളുകളേറെയായിട്ടും കുഞ്ഞിക്കാൽ എത്താത്തതിന്റെ വിഷമത്തിലായിരിക്കും പലരും. വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. സ്ട്രെസ്സ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, കൃത്യമായ അണ്ഡോത്പാദനം നടക്കാത്തത്, ആവശ്യത്തിന് ബീജമില്ലാത്തത്, അണ്ഡവാഹിനിക്കുഴലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. എന്നാൽ നമ്മൾ കഴിക്കുന്ന ആഹാരസാധനങ്ങളും വന്ധ്യതയെ സ്വാധീനിക്കുമെന്ന് അറിയാമോ?
ചില ഭക്ഷണപദാർത്ഥങ്ങൾ വന്ധ്യത ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കും. സോസേജ്, ബർഗർ, റെഡിമെയ്ഡ് മാംസം, കേക്ക്, ബിസ്കറ്റ്, ചോക്ലേറ്റ് എന്നിവ കഴിയുന്നതും ഒഴിവാക്കണം. ഇവയിൽ ധാരാളം കൊഴുപ്പുണ്ട്, അത് അമിതഭാരമുണ്ടാക്കും. അമിതഭാരം ഗർഭധാരണത്തിന് തടസം നിൽക്കാം. വെണ്ണ, കൊഴുപ്പു കൂടിയ എണ്ണ തുടങ്ങിയവയും കുറയ്ക്കണം. കാപ്പി, ചായ, കോള തുടങ്ങിയവയും അമിതമായാൽ ഗർഭധാരണത്തിന് തടസമാകും. ഇവയിലെ കഫീൻ പിറ്റിയൂറ്ററിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രൊലാക്ടിൻ ഹോർമോണിന്റെ വ്യാപനം തടയും.
ബീഫ്, പന്നിയിറച്ചി, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവ പുരുഷബീജത്തിന്റെ ഘടനയെയും ഗുണനിലവാരത്തെയും സാരമായി ബാധിച്ച് പുരുഷ വന്ധ്യതയ്ക്ക് ഇടയാക്കുന്നു. അമിതമദ്യപാനം പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ബീജത്തിന്റെ എണ്ണം കുറയ്ക്കുകയും ചെയ്യും. സ്ത്രീകളുടെ അമിതമദ്യപാനം ശരീരത്തിൽ അമിതമായി പ്രൊലാക്ടിൻ ഉത്പാദിപ്പിക്കാൻ കാരണമാകും, ഇത് ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കും. ഇതെല്ലാം വന്ധ്യതയിലേക്ക് നയിക്കാം.
Story Highlights: Certain foods and lifestyle habits can increase the risk of infertility in both men and women.