സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യമായ വാക്സിൻ സ്റ്റോക്കുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തലസ്ഥാനത്ത് അടക്കം വാക്സിൻ ക്ഷാമം ഉള്ളതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം നേരിട്ടതോടെ നാളെ മിക്ക ജില്ലകളിലും വാക്സിൻ ലഭ്യമായേക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ അടുത്തമാസം വിതരണം ചെയ്യാൻ മാത്രം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമുണ്ട്. കേന്ദ്രത്തെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചതായി മന്ത്രി സൂചിപ്പിച്ചു.
ഇതുവരെ 45 വയസ്സിന് മുകളിലുള്ള 76 ശതമാനം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. 35 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.
സംസ്ഥാനത്ത് വാക്സിൻ ലഭ്യമാക്കാൻ ചുമതല ഉള്ളവർ തന്നെ തെറ്റായ പ്രചരണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ ഇടപെട്ട് കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: Health minister Veena george about lack of vaccine doses in kerala.