പെട്രോളും ഡീസലും ഉടൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം. എന്നാൽ എല്ലാ കാലവും ഇത്തരത്തിൽ തുടരാനാകില്ലെന്നും സമീപഭാവിയിൽ ജിഎസ്ടിയിൽ പെട്രോൾ ഉൾപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.
ഇന്ന് 45ആം ജിഎസ്ടി കൗൺസിൽ യോഗം ലക്നൗവിൽ ചേരാനിരിക്കെയാണ് കേന്ദ്രസർക്കാർ നയം വ്യക്തമാക്കിയത്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ഇന്ന് ചർച്ചയ്ക്ക് വന്നേക്കും. ഉടൻ ഉണ്ടായില്ലെങ്കിലും സമയപരിധി ഇന്ന് തീരുമാനിച്ചേക്കും.
കോവിഡ് വ്യാപനത്തിനു ശേഷം ആദ്യമായാണ് ജിഎസ്ടി കൗൺസിൽ യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
അതേസമയം ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ തുടർന്ന് പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
കേരളം എതിർപ്പ് പ്രകടിപ്പിച്ച വെളിച്ചെണ്ണയുടെ ജിഎസ്ടി ഉയർത്തുന്ന കാര്യവും ചർച്ചയിൽ പരിഗണിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ ചേരുന്ന ജിഎസ്ടി യോഗത്തിൽ വൻ പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്. ജിഎസ്ടി നഷ്ടപരിഹാരവും കൗൺസിൽ യോഗം ചർച്ച ചെയ്യും.
Story Highlights: Petrol and diesel will not be included in GST