ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
കോട്ടയം റേഞ്ചിൽ കുമിളി പുളിയന്മല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നീ രണ്ടുപേരെയാണ് വനംവകുപ്പ് സസ്പെൻഡ് ചെയ്തത്.
ഹൈറേഞ്ച് മേഖലയിലെ സിസിഎഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർ കുറ്റക്കാരെന്ന് തെളിഞ്ഞതോടെയാണ് സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മഫ്തിയിൽ എത്തിയാണ് ഏലം കർഷകരിൽനിന്നും ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയത്. പണം നൽകിയില്ലെങ്കിൽ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കർഷകർ പറഞ്ഞു. സംഭവത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയതിനാലാണ് നടപടിയെടുത്തത്.
Story Highlights: Forest officials suspended on bribery.