കൊച്ചി : ഓണ്ലൈനില് വധൂവരന്മാര് ഹാജരായി വിവാഹം നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്ക്കാര് അറിയിച്ചു. ഓണ്ലൈൻ വിവാഹത്തിന് അനുമതി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാര്ട്ടിന് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹര്ജി പരിഗണിക്കവെ ഹൈക്കോടതിയാലാണ് സര്ക്കാര് ഇക്കാര്യം അറിയിച്ചത്. ഹര്ജിക്കാര് വിദേശത്തായതിനാലാണ് ഓണ്ലൈനില് വിവാഹത്തിനായുള്ള അനുമതി ആവശ്യപ്പെട്ടത്.
ഐ.ടി. വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ബിശ്വനാഥ് സിന്ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐ.ടി.മിഷന് ഡയറക്ടര് തുടങ്ങിയവർ ഓണ്ലൈനില് ഹാജരായാണ് ഹൈക്കടതിയെ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര് എടപ്പഗത്തും ഉൾപ്പെട്ട ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. വധൂവരന്മാര്ക്ക് കോടതിയുടെ നിര്ദ്ദേശപ്രകാരം ഓണ്ലൈനില് വിവാഹിതരാകാനുള്ള സൗകര്യമൊരുക്കാമെന്ന് സര്ക്കാര് അറിയിച്ചു.
അതേ സമയം, വിവാഹത്തിനായി വധൂവരന്മാർ ഓണ്ലൈനില് ഹാജരാകുമ്പോൾ ആളെ തിരിച്ചറിയുന്നതിലും വധൂവരന്മാരുടെ മാനസിക നില വിലയിരുത്തുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ ഓണ്ലൈൻ കല്യാണത്തില് വെല്ലുവിളിയാകുമെന്ന് സ്റ്റേറ്റ് അറ്റോര്ണി എന്. മനോജ് കുമാര് ചൂണ്ടിക്കാട്ടി.
Story highlight : Kerala government provides technical facilities for online weddings.