ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരു കുഞ്ഞൻ എസ്യുവിയുടെ പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേൾക്കുന്നുണ്ടായിരിന്നു. കാസ്പര് എന്ന പേരില് പണികഴിപ്പിക്കുന്ന ഈ മൈക്രോ എസ്യുവിയുടെ കൂടുതല് വിവരങ്ങള് കമ്പനി ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.
ഓട്ടോ കാര് ഇന്ത്യ വാഹനം ആഗോള തലത്തില് പ്രദര്ശിപ്പിച്ചതായി റിപ്പോര്ട്ട് ചെയ്യുന്നു. എ.എക്സ് ഒന്ന് എന്ന കോഡ് പേരിൽ അറിയപ്പെട്ടിരുന്ന മൈക്രോ എസ്.യു.വിയുടെ പൂർണ രൂപത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാസ്പറിന്റെ പ്രധാന ആകർഷണം മികച്ച ലുക്കുതന്നെയാണ്. കാസ്പറിന്റെ ബോഡി റെട്രോ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. മുന്നിൽ നിന്ന് നോക്കുമ്പോൾ ഹ്യുണ്ടായ് വെന്യുവിനോടാണ് കാസ്പറിന് കൂടുതൽ സാമ്യം തോന്നുക.
മുൻവശത്തായി ചെറിയ ഡേടൈം റണ്ണിങ് ലാംപ്, വലിയ ഹെഡ്ലാംപുകളും കൊടുത്തിട്ടുണ്ട്. കൂടാതെ സൺറൂഫ് അടക്കമുള്ള സൗകര്യങ്ങളും കാസ്പറിന്റെ സവിശേഷതയാണ്.
വെന്യു കോംപാക്ട് എസ്യുവിക്ക് താഴെ സ്ഥാനമേൽക്കുന്ന ഈ വാഹനം ആദ്യം ദക്ഷിണ കൊറിയയിലും പിന്നാലെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളില് വില്പ്പനയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്.
ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസിലെ 82 ബിഎച്ച്പി പവര് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര് പെട്രോള് എന്ജിനായിരിക്കും കാസ്പറിനും നൽകുക.ഓട്ടോമാറ്റിക് മാനുവല് ട്രാന്സ്മിഷനില് കാസ്പര് വിദേശ നിരത്തുകളില് എത്തിയേക്കും.
ഈ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പും ഭാവിയില് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story highlight: Hyundai Caspar exhibited globally