കാർട്ടൂൺ നെറ്റ്വർക്ക് (സിഎൻ) എന്ന പേര് കേൾക്കുമ്പോൾ, പ്രത്യേകിച്ച് 90കളിലെ കുട്ടികൾക്ക് ഒരു വലിയ നൊസ്റ്റാൾജിക് അനുഭവമാണ് ഉണ്ടാകുന്നത്. കുട്ടികൾക്കിടയിൽ കാർട്ടൂണുകളെ അത്യന്തം ജനപ്രിയമാക്കിയ ടെലിവിഷൻ ചാനലായിരുന്നു ഇത്. ടോം ആൻഡ് ജെറി, ബെൻ10, മിസ്റ്റർ ബീൻ തുടങ്ങി നിരവധി ഹിറ്റ് കാർട്ടൂണുകൾ സിഎൻ നമ്മുടെ മുന്നിലേക്ക് എത്തിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവോടെ ഇത്തരം ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
അടുത്തിടെ, കാർട്ടൂൺ നെറ്റ്വർക്കിനെ കുറിച്ചുള്ള ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാനൽ സംപ്രേഷണം അവസാനിപ്പിച്ചുവെന്നും, കുട്ടിക്കാലത്ത് നൽകിയ മധുരമായ ഓർമകൾക്ക് നന്ദി പറയുന്നതുമായ പോസ്റ്റുകളാണ് ഇവ. ഇത് കണ്ട് നിരവധി പേർ ഈ വാർത്ത ഏറ്റെടുത്തു. ഇതോടെ ചാനൽ സംപ്രേഷണം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ പ്രചരിക്കാൻ തുടങ്ങി.
എന്നാൽ യാഥാർത്ഥ്യം എന്താണ്? സിഎൻ സംപ്രേഷണം അവസാനിപ്പിച്ചോ? ഇല്ല, അതാണ് ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം. ചാനൽ ഇതുവരെ സംപ്രേഷണം നിർത്തിയിട്ടില്ല. എന്നാൽ, ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ഇതാണ് ചാനൽ സംപ്രേഷണം നിർത്തിയെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായത്.
32 വർഷത്തിന് ശേഷമാണ് കാർട്ടൂൺ നെറ്റ്വർക്കിന്റെ വെബ്സൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഡിജിറ്റൽ കണ്ടന്റുകൾക്കാണ് സിഎൻ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ മാതൃ കമ്പനിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ മാക്സിലേക്ക് സിഎൻ കണ്ടന്റുകൾ ഏകോപിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിഎൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം അവസാനിപ്പിച്ചത്.
ചാനൽ സംപ്രേഷണം അവസാനിപ്പിച്ചതായി വ്യാപക പ്രചാരണം നടക്കുന്നതിനിടെ, കാർട്ടൂൺ നെറ്റ്വർക്ക് തന്നെ നേരിട്ട് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ചാനൽ സംപ്രേഷണം അവസാനിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ആരാധകരുമായി ആശയവിനിമയം തുടരുമെന്നും ചാനൽ അറിയിച്ചു. വാർണർ ബ്രദേഴ്സാണ് സിഎൻ ചാനലിന്റെ മാതൃ കമ്പനി. മുൻപ് കോമഡി സെൻട്രൽ, ടിവി ലാൻഡ് തുടങ്ങിയ ചാനലുകളുടെ വെബ്സൈറ്റുകളും കമ്പനി സമാന രീതിയിൽ നിർത്തിയിരുന്നു.
Story Highlights: Cartoon Network clarifies it’s not shutting down, only website closure led to rumors