ട്വന്റിഫോർ പ്രേക്ഷകരുടെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ നൽകിയ വാഗ്ദാനം പാലിച്ച് ചാനൽ ഒരു പുതിയ ടെലിവിഷൻ സമ്മാനിച്ചു. തൃശൂർ സ്വദേശിയായ സിജിയുടെ വീട്ടിലേക്കാണ് ട്വന്റിഫോറിന്റെ സ്നേഹസമ്മാനമായ ടിവി എത്തിയത്. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രായമായ അമ്മയ്ക്ക് ട്വന്റിഫോർ ന്യൂസ് കാണാൻ മൊബൈൽ ഫോൺ നൽകുന്ന സിജിയുടെ കഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഈ തീരുമാനം.
ഗുരുവായൂരിനടുത്ത് പാവറട്ടി പൂവത്തൂർ സ്വദേശിയായ സിജിയുടെ വീട്ടിലേക്കാണ് ട്വന്റിഫോർ സംഘം നേരിട്ടെത്തി സ്പാനിയോ ടിവി കൈമാറിയത്. ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന്റെ നേതൃത്വത്തിലായിരുന്നു സംഘം. തന്റെ ജീവിതത്തിലെ നിരവധി ദുഃഖങ്ങൾക്കിടയിൽ സന്തോഷം പകരുന്നത് ട്വന്റിഫോറാണെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തനിക്കുണ്ടെന്നും സിജി പ്രതികരിച്ചു. സിജിയുടെ അമ്മയും വൈകാരികമായി പ്രതികരിച്ചു. ട്വന്റിഫോറിന്റെ സ്ഥിരം പ്രേക്ഷകയാണെന്നും ശ്രീകണ്ഠൻ നായരോട് തനിക്ക് വലിയ ആരാധനയാണെന്നും അവർ പറഞ്ഞു. ഗുഡ്മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലൂടെ സിജിയുടെ കുടുംബം ശ്രീകണ്ഠൻ നായരുമായി തത്സമയം സംസാരിച്ചു. പ്രേക്ഷകരുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് ആറ് ദിവസത്തിനുള്ളിലാണ് ട്വന്റിഫോർ പ്രേക്ഷകന് നൽകിയ വാക്ക് പാലിച്ചത്.