മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും കയ്യേറ്റശ്രമവും നടത്തി. പത്തനംതിട്ടയിലെ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവിനോട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴാണ് പ്രതിഷേധം ഉണ്ടായത്.
പ്രതിപക്ഷ നേതാവ് ചോദ്യത്തിന് മറുപടി നൽകാതെ മുന്നോട്ടുനീങ്ങിയതോടെ കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. മാധ്യമപ്രവർത്തകർക്കെതിരെ കയ്യേറ്റശ്രമം നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഈ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ശനിയാഴ്ച സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വലിയ തോതിൽ സംഘർഷമുണ്ടായിരുന്നു. പരിക്കേറ്റവരെ സന്ദർശിക്കാനായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്. ശേഷം മാധ്യമപ്രവർത്തകരെ കണ്ട് വിശദീകരണം നൽകുകയും ചെയ്തു.
Story Highlights: Congress workers tried to attack reporters after a question to the opposition leader regarding violence during a cooperative bank election in Pathanamthitta.
Image Credit: twentyfournews