എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് ബിജെപി നേതാവിന് സസ്പെൻഷൻ ലഭിച്ചു. തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമായ വിജീഷിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പാർട്ടി നിർദേശപ്രകാരമോ അറിവോടെയോ അല്ല ഹർജി സമർപ്പിച്ചതെന്ന് ബിജെപി വ്യക്തമാക്കി. സിനിമ ബഹിഷ്കരിക്കേണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നുമായിരുന്നു പാർട്ടി നിലപാട്. എമ്പുരാൻ സെൻസർ ചെയ്ത് ചില ഭാഗങ്ങൾ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന വിമർശനം ഉയർന്നിരുന്നു.
റീ എഡിറ്റ് ചെയ്ത എമ്പുരാൻ പതിപ്പ് ഉടൻ തിയേറ്ററുകളിലെത്തും. 24 മാറ്റങ്ങളാണ് സിനിമയിലുണ്ടാകുക. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കി.
പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണവും ഒഴിവാക്കിയിട്ടുണ്ട്. എൻഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തു. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമായ വിജീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. ഹർജിയെ പാർട്ടി ഔദ്യോഗികമായി തള്ളിയിരുന്നു.
Story Highlights: A BJP leader has been suspended for filing a plea against the Mohanlal-starrer Empuraan.