സംഘ പരിവാർ ആശയങ്ങൾ പേറുന്നവർ ഭരിക്കുന്ന രാജ്യത്ത് ഗുജറാത്ത് കലാപം മറന്നു തുടങ്ങിയിരുന്നു. അപ്പോഴാണ് എമ്പുരാൻ ചിത്രത്തിന്റെ വരവ്. രാജ്യം കണ്ട ഏറ്റവും വലിയ വർഗീയ കലാപം; 2002ലെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന കലാപത്തിൽ 1,044 ആളുകൾ കൊല്ലപ്പെട്ടു. 223 പേരെ കാണാതായി. 2,500 ലേറെ പേർക്ക് പരുക്കേറ്റു. കോടി കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളുണ്ടായി. മരിച്ചവരിൽ 790പേരും മുസ്ലിം വിഭാഗത്തിൽ ഉള്ളവരായിരുന്നു. ഈ കലാപത്തിലേക്ക് വഴി വച്ചത് ഗോധ്രയിൽ സബർമതി എക്സ്പ്രസില് സഞ്ചരിച്ചിരുന്ന 58 കർസേവകരുടെ കൂട്ടക്കൊലയോടെയാണ് എന്ന് പറയപ്പെടുന്നു. എങ്ങനെയാണ് സബർമതി എക്സ്പ്രസിന് തീ പിടിച്ചത്? ആരാണ് തീ വച്ചത്..?
ഗോധ്രയിൽ 2002 ഫെബ്രുവരി 27 ന് എന്താണ് സംഭവിച്ചത് എന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോഴും സംശയാതീതമായി ലഭ്യമായിട്ടില്ല; അല്ലെങ്കിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; അതുമല്ലെങ്കിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അയോധ്യയിൽ നിന്ന് മടങ്ങി വരികയായിരുന്ന കുട്ടികളും സ്ത്രീകളും അടക്കം 58 കർസേവകരും തീർഥാടകരും ട്രെയിനിൽ വെന്തു മരിച്ചു.
സബർമതി എക്സ്പ്രസിന് എന്ത് സംഭവിച്ചു എന്നറിയാൻ വിവിധ അന്വേഷണ കമ്മീഷനുകൾ വന്നു. ഗുജറാത്ത് സർക്കാർ അന്ന് നിയമിച്ച അന്വേഷണ കമ്മീഷനും പ്രോസിക്യൂഷനും ട്രെയിനിന് തീ വെച്ചത് മുസ്ലിം അക്രമകാരികളാണെന്ന് വിധിച്ചു. എന്നാൽ അതൊരു അപകടമായിരുന്നെന്നും അത് പുറത്തു നിന്നുള്ള തീ ആയിരുന്നില്ലെന്നും കണ്ടെത്തിയ അന്വേഷണങ്ങളും ഉണ്ടായി. അവ ഏതൊക്കെയാണെന്ന് നോക്കാം.
◾ നാനാവതി കമ്മീഷൻ
ഗുജറാത്ത് സർക്കാരിന്റെ അന്വേഷണ കമ്മീഷൻ. 2008ൽ റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ പറഞ്ഞത് മുസ്ലിം അക്രമകാരികൾ നേരത്തെ ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയ അക്രമമായിരുന്നു ഗോധ്ര കൂട്ടക്കൊല എന്നാണ്. 2011 ലെ ഫാസ്റ്റ് ട്രാക് കോടതി ഈ അന്വേഷണം ശരി വയ്ക്കുകയും ചെയ്തു.
◾ ബാനർജി കമ്മീഷൻ
2004ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ. ട്രെയിനിന് അകത്ത് നിന്ന് സംഭവിച്ച അപകടമാണ് തീ പിടിത്തമുണ്ടാക്കിയത് എന്ന് കണ്ടെത്തി.
കർസേവകർ പാചകം ചെയ്യാൻ ഉപയോഗിച്ച സ്റ്റൗ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നും കമ്മീഷൻ പറഞ്ഞു. പക്ഷെ ഈ കമ്മീഷൻ റിപ്പോർട്ട് ഗുജറാത്ത് ഹെക്കോടതി അത് പുറത്തു വരുന്നതിന് മുൻപേ നിരാകരിച്ചു.
◾ യുകെ സർക്കാരിന്റെ അന്വേഷണം
ഗോധ്ര സംഭവം നേരത്തേ പ്ലാൻ ചെയ്ത ഒരു മുസ്ലിം വിരുദ്ധ കലാപത്തിന് വേണ്ട എല്ലാം തികഞ്ഞ പ്രകോപനമായി മാറി. ഇതോടെ കൊടും ക്രൂരതകൾ സാധൂകരിക്കപ്പെട്ടു. ഗോധ്ര സംഭവമല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ കലാപത്തിന് വേണ്ട കാരണം സൃഷ്ടിക്കപ്പെടുമായിരുന്നു.
വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ നേരത്തേ തന്നെ ഇരകളുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്രേ. മുസ്ലിങ്ങളുടെ വീടുകളും കടകളും അവർ നോട്ടമിട്ടു വച്ചു. കലാപത്തിന് ആവശ്യമായ കോപ്പുകളും അവർ നേരത്തേ സംഘടിപ്പിച്ചു വച്ചിരുന്നു.
◾ തെഹൽക അന്വേഷണം
2007 തെഹൽക അന്വേഷണം ഗോധ്ര കൂട്ടക്കൊല സംബന്ധിച്ച ഗൂഢാലോചനകൾ പുറത്തു കൊണ്ടു വന്നു. ഗോധ്ര കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷികളും കെട്ടിച്ചമച്ചതായിരുന്നു എന്ന് അവരുടെ ഒളികാമറ അന്വേഷണത്തിലൂടെ ആണ് പുറത്തു കൊണ്ടു വന്നത്. ഗോധ്രയിലെ ട്രയിൻ തീ വയ്പ്പിന് പിന്നിൽ മുസ്ലിങ്ങളായിരുന്നു എന്ന സംഘ പരിവാർ വാദത്തെ ഇത് പൊളിച്ചു. പ്രോസിക്യൂഷൻ കണ്ടെത്തിയ പ്രതികൾക്ക് പെട്രോൾ വിറ്റു എന്ന് പറയുന്ന സാക്ഷികൾ തന്നെ തങ്ങൾ പോലീസിന്റെ നിർബന്ധത്തിനും ഭീഷണിക്കും മുന്നിലാണ് സാക്ഷി പറഞ്ഞതെന്ന് വെളിപ്പെടുത്തി.
◾ സിറ്റിസൺസ് ട്രൈബ്യൂണൽ
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നടന്ന ട്രൈബ്യൂണൽ മുസ്ലിങ്ങകളായ അക്രമ കാരികളാണ് ട്രെയിൻ കത്തിച്ചതെന്ന ഗുജറാത്ത് സർക്കാരിന്റെ വാദത്തെ തളിക്കളഞ്ഞു. ഗുജറാത്ത് കലാപം ഹിന്ദുത്വ വാദികൾ നേരത്തെ തയ്യാറാക്കിയ പദ്ധതികൾക്ക് അനുസരിച്ച് നടന്ന കലാപമായിരുന്നു എന്നും കണ്ടെത്തി. സർക്കാർ സംവിധാനങ്ങൾ കലാപകാരികൾക്ക് സൗകര്യം ചെയ്തുകൊടുത്തെന്നും ട്രൈബ്യുണൽ സ്ഥിരീകരിച്ചു.
◾ ശങ്കർ സിംഗ് വഗേല
1996- 1997 കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ശങ്കർ സിംഗ് വഗേല. ‘ഔട്ട്ലുക്ക്’ മാഗസിനു നൽകിയ ഒരു അഭിമുഖത്തിൽ ഗോധ്ര സംഭവത്തിനു പിന്നിൽ ഹിന്ദുത്വ വാദികളുടെ കൈകൾ തന്നെയെന്ന് ആരോപിച്ചു. മുസ്ലിങ്ങൾ പെടുന്നനെ ഗോധ്ര ട്രെയിൻ കത്തിക്കേണ്ട കാര്യമെന്താണ്.? ആ ബോഗിയിൽ കർസേവകർ ഉണ്ടായിരുന്നു എന്ന് ഗോധ്രയിലെ മുസ്ലിങ്ങൾ അറിയുന്നതെങ്ങനെ.? ചില ഹിന്ദുത്വ നേതാക്കൾക്ക് മാത്രമേ കർസേവകരുടെ യാത്രയെ പറ്റി അറിവുണ്ടായിരുന്നുള്ളൂ. കർസേവകർ ആ പ്രത്യേക ബോഗിയിൽ ഉണ്ടെന്ന് അറിയുന്നവർ തന്നെയാവും അത് ചെയ്തത് എന്നും വഗേല പല സന്ദർഭങ്ങളിലായി പറഞ്ഞു.
◾ രാമചന്ദ്ര ഗുഹ
മുസ്ലിം വഴി വാണിഭക്കാരുമായി കർസേവകർ തർക്കിച്ചതിനെ തുടർന്നാണ് സ്റ്റേഷനിൽ ലഹളയായത് എന്ന കാര്യത്തിൽ തർക്കമില്ല. അതിനു ശേഷം ഉണ്ടായ തീ പിടുത്തത്തെ കുറിച്ചാണ് അവ്യക്തത. മുസ്ലിം ആൾക്കൂട്ടത്തിന്റെ പണിയാണതെന്ന് വിഎച്ച്പി അവകാശപ്പെട്ടു. അതേ സമയം അഗ്നിയുടെ ഉറവിടം കോച്ചിന് അകത്തായിരുന്നുവെന്ന് ഫോറൻസിക് തെളിവുകൾ ചൂണ്ടിക്കാണിച്ചു. ഒരു പക്ഷേ കോച്ചിന് അകത്തായിരുന്ന ഗ്യാസ് സിലിണ്ടറോ മണ്ണെണ്ണ സ്റ്റൗവോ പൊട്ടിത്തെറിച്ച് തീ പിടിച്ചതിന്റെ ഫലമായിരിക്കാം ഇത്. അദ്ദേഹത്തിന്റെ ‘കലാപങ്ങൾ/ ഇന്ത്യയിൽ ഗാന്ധിയ്ക്ക് ശേഷം’ എന്ന പുസ്തകത്തിലായിരുന്നു ഈ നിരീക്ഷണം.
◾ പി ജി ജാതവേദൻ നമ്പൂതിരി
മുൻ ഗുജറാത്ത് ഡിജിപി
ഈ സംഭവത്തെക്കുറിച്ച് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം, ബന്ധപ്പെട്ട ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടാണ്. 03- 05- 2002 നു സംഭവ സ്ഥലം സന്ദർശിച്ച ശേഷമാണ് ഒരു സംഘം വിദഗ്ദ്ധർ തങ്ങളുടെ നിഗമനങ്ങളില് എത്തിയത്. എസ് 6 കമ്പാർട്ട്ന്റ് തീ പിടിച്ച സ്ഥലത്ത്, അതുപോലെ വേറൊരു കോച്ച് നിർത്തി ചില പരീക്ഷണങ്ങൾ നടത്തുകയും എസ് 6 കോച്ച് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്ത ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ തീപിടുത്തം കോച്ചിനുള്ളിൽ നിന്നുണ്ടായെന്നാണ് കാണിച്ചിട്ടുള്ളത്. ഭൂമിയിൽ നിന്ന് ഏഴടി പൊക്കത്തിലുള്ള ജനാലകൾ വഴി ബക്കറ്റുകളും കന്നാസുകളും ഉപയോഗിച്ച് വെള്ളം കോരിയൊഴിക്കാൻ നടത്തിയ പരീക്ഷണങ്ങളിൽ, ഏതാണ്ട് പതിനഞ്ചു ശതമാനം മാത്രമേ ഉള്ളിലേക്ക് കടത്തി വിടാനായുള്ളൂ. ബാക്കി മുഴുവനും കോച്ചിന്റെ ഇരുവശങ്ങളിലും നിലത്തും തൂവി പോകുമായായിരുന്നു. ഇത്രയധികം പെട്രോൾ വെളിയിൽ വീണിരുന്നാൽ തീ പിടിച്ചപ്പോൾ അവിടെയും ഭീഷണമായ ജ്വലനം ഉണ്ടാകുമെന്ന് തീർച്ച. എന്നാൽ കോച്ചിന്റെ ഭാഗങ്ങളിലോ താഴെ നിലത്തോ ഇങ്ങനെ ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരീക്ഷണങ്ങളുടെ ഫലമായി വെളിയിൽ നിന്ന് ബക്കറ്റുകളോ കന്നാസുകളോ ഉപയോഗിച്ച്
ഇന്ധനം ഒഴിച്ചിരിക്കാൻ സാധ്യതയില്ല എന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
ഗോധ്ര സംഭവത്തിനു ശേഷം ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപം മുന്നിൽ നടക്കുമ്പോൾ കൈ കെട്ടി നിന്നിരുന്ന പോലീസുകാർ പതിവ് കാഴ്ചയായിരുന്നു. അതിൽ ഒരു പോലീസുകാരൻ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ‘‘പോലീസുകാരൻ പറയുന്നു ഇത് മുകളിൽ നിന്നുള്ള ഓർഡറാണ് ഒന്നും ചെയ്യരുത്..’’
‘ട്രെയിനിൽ കർസേവർ കൊല്ലപ്പെട്ടത് നമുക്ക് ഗുണ’മായെന്ന് പല സംഘ പരിവാർ അനുകൂലികളും തുറന്ന് സമ്മതിച്ചുവെന്ന തരത്തിൽ പിൽക്കാലത്ത് റിപ്പോർട്ടുകൾ വന്നപ്പോൾ അത്തരത്തിലൊരു കലാപം ഉണ്ടാകേണ്ടത് ആർക്ക് വേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തത ഒരു പരിധി വരെ കൈ വന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 23 വർഷം കഴിഞ്ഞു. അന്ന് ലോക പരിചയം കിട്ടിത്തുടങ്ങിയിട്ടില്ലാത്ത കുട്ടികളും അതിനു ശേഷം ജനിച്ചവരും ഒരു പക്ഷേ എമ്പുരാന് ശേഷമാകാം ഗുജറാത്ത് കലാപത്തെ കുറിച്ചും ഗോധ്ര കൂട്ടക്കൊലയെ കുറിച്ചും അറിയുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ നിഗമനങ്ങൾ ഒരുപക്ഷേ ഭാവിയിൽ നമ്മുടെ ജനാധിപത്യ പ്രക്രിയയെ വരെ സ്വാധീനിച്ചേക്കാം.
‘ഇര വാദം’ ഉയർത്തി ഞങ്ങളായിരുന്നു ബാധിക്കപ്പെട്ടവരെന്ന് ഗോധ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞിരുന്നവർ എമ്പുരാൻ റിലീസിന്റെ പശ്ചാത്തലത്തിൽ പൊങ്ങി വന്നെങ്കിലും വിവിധ അന്വേഷണ റിപ്പോർട്ടുകളും കമ്മീഷനുകളുടെ കണ്ടെത്തലുകളും വീണ്ടും വീണ്ടും പരിശോധിക്കപ്പെടുന്നത് അവരുടെ വാദത്തെ ഒരു പരിധിവരെ കരിച്ചു കളയുന്നുണ്ട്. ‘കഴിഞ്ഞത് കഴിഞ്ഞു ഇനിയങ്ങനെ ഉണ്ടാകാതിരിക്കട്ടെ’യെന്നു പറഞ്ഞ് വിഷയം ചർച്ച ചെയ്യുന്നതിന്റെ പ്രധാന്യം കെടുത്താനുള്ള ഉതകുന്ന തരത്തിലുള്ള സ്റ്റേറ്റ്മെന്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ആ സ്റ്റേറ്റ്മെന്റ് ശരിയായിരിക്കാം. പക്ഷേ ചരിത്രം അറിഞ്ഞിരിക്കണ്ടേ..!! അങ്ങനെ അറിഞ്ഞാൽ കൂടിയല്ലേ ഈ രാജ്യത്ത് ജീവിക്കാനാകൂ.
Story Highlights: The Godhra train fire and the subsequent Gujarat riots are back in the spotlight, with differing accounts of the incident resurfacing.