തിരുവനന്തപുരം ആർടെക് മാളിൽ റീ എഡിറ്റഡ് എമ്പുരാൻ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ ഡൗൺലോഡിങ് തിയേറ്ററുകളിൽ പുരോഗമിക്കുകയാണ്. ഡൗൺലോഡിങ് പ്രശ്നം നേരിടുന്ന തിയേറ്ററുകളിൽ സിനിമ നേരിട്ട് എത്തിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇരുപത്തിനാല് വെട്ടുമായാണ് എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്റംഗിക്ക് പകരം ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്.
ചിത്രത്തിൽ നിന്ന് 2 മിനിറ്റ് 8 സെക്കൻഡ് ദൈർഘ്യമാണ് വെട്ടിമാറ്റിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ, മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണവും ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
റീ എഡിറ്റിംഗ് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ. സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുമുണ്ട്.
Story Highlights: The re-edited version of Empuraan has started screening in Thiruvananthapuram with 24 cuts, including a villain name change.