മുട്ടയുടെ പോഷകഗുണങ്ങൾ വിചാരിക്കുന്നതിലും മുകളിലാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. കാലിഫോർണിയ-സാൻ ഡീഗോ സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ, എല്ലാ ആഴ്ചയും മുട്ട കഴിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഓർമ്മപ്രശ്നവും മസ്തിഷ്ക പ്രവർത്തനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും മറ്റുള്ളവരെ അപേക്ഷിച്ച് തീരെ കുറവാണെന്ന് കണ്ടെത്തി. 55 വയസും അതിനുമുകളിലും പ്രായമുള്ള 890 മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്.
മുട്ടയിൽ കാണപ്പെടുന്ന കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതായി മുൻ ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. കൂടാതെ, മുട്ടയിലെ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ന്യൂറോണൽ ഘടനയും പ്രവർത്തനവും നിലനിർത്താൻ സഹായിക്കും. മുട്ടകളിൽ ഭക്ഷണ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവയ്ക്ക് ദോഷകരമായ പൂരിത കൊഴുപ്പിന്റെ അളവ് താരതമ്യേന കുറവാണ്.
ഉയർന്ന അളവിലുള്ള ഭക്ഷണ കൊളസ്ട്രോൾ ഉണ്ടെങ്കിലും മുട്ടയ്ക്ക് ദോഷകരമായ ഫലമൊന്നും ഇല്ലെന്നും പഠനത്തിലുണ്ട്. മാത്രമല്ല ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത സ്ത്രീകളിലാണ് ഈ ഗുണങ്ങൾ കൂടുതൽ പ്രകടമാകുന്നതെന്നാണ്. ഈ പുതിയ കണ്ടെത്തലുകൾ മുട്ടയുടെ പോഷകമൂല്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ മാറ്റിമറിക്കുകയും, പ്രത്യേകിച്ച് പ്രായമായവരുടെ ആരോഗ്യത്തിൽ അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്യുന്നു.
Story Highlights: Study reveals eggs improve memory and brain function in older women, challenging previous notions about their nutritional value.