ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായയായി ബ്ലൂടീയെ വിശേഷിപ്പിക്കാം. നമ്മുടെ നാട്ടിലെ ശംഖുപുഷ്പം അഥവാ ബട്ടർഫ്ളൈ പുഷ്പങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ക്ലിറ്റോറിയ ടെർനാടീ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ചെടിയിൽ നീല പുഷ്പവും വെള്ള പുഷ്പവും കാണാം. പൂക്കളും ഇതളുകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ബ്ലൂ ടീ തികച്ചും കഫീൻ രഹിതമാണ്. മാത്രമല്ല, ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.
ബ്ലൂ ടീയുടെ ആന്റി ഓക്സിഡന്റുകളായ ആന്തോസയാനിനുകൾ, പ്രോആന്തോസയാനിനുകൾ, ക്വെർസെറ്റിൻ എന്നിവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ സംരക്ഷണം നൽകുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ബ്ലൂ ടീ സഹായിക്കുന്നു. അകാല വാർദ്ധക്യം തടയുന്നതിനും കണ്ണിലെ രോഗങ്ങൾക്കും നീർക്കെട്ടിനും ഗുണകരമാണ്. ആയുർവേദത്തിൽ ശംഖുപുഷ്പങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സമ്മർദ്ദമകറ്റാനും ഉപയോഗിച്ചുവരുന്നുണ്ട്.
ചർമ്മത്തിനും ഏറെ ഗുണകരമാണ് ബ്ലൂടീ. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. ഫ്ലാവനോയിഡ്സ് അടങ്ങിയിട്ടുള്ള നീലച്ചായ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. കൂടാതെ, തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നതിലൂടെ തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു. ഇത്രയേറെ ആരോഗ്യഗുണങ്ങൾ ഉള്ളതിനാലാണ് ബ്ലൂടീയെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്ന് വിശേഷിപ്പിക്കുന്നത്.
Story Highlights: Blue tea, made from butterfly pea flowers, is considered the healthiest tea globally due to its numerous health benefits and antioxidant properties.