കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള യുവതി അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ EY കമ്പനി നിർദ്ദേശിച്ചു. കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകുംവരെ ഡ്യൂട്ടിയിൽ കയറരുതെന്നും നിർദേശമുണ്ട്. അന്നയുടെ മാനേജർമാർക്കെതിരെ കമ്പനിയിൽത്തന്നെയുള്ളവർ രംഗത്തെത്തിയിരുന്നു. മാനേജർമാർ അവരുടെ താല്പര്യങ്ങൾക്കാണ് പ്രാധാന്യം നല്കുന്നതെന്നും ജോലി ഭാരം കൂട്ടുകയാണെന്നും ഉൾപ്പടെയുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
അന്നയുടെ അമ്മ അനിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതനുസരിച്ച്, EY യിൽ മാർച്ചിൽ എത്തിയതിന് ശേഷം രണ്ട് തവണയാണ് അന്ന നാട്ടിൽ വന്നത്. എന്നാൽ ഈ രണ്ട് തവണയും ഞായർ ഉൾപ്പടെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു അന്ന. ഓഫിസിലെ ജോലിക്ക് ശേഷം വീട്ടിലെത്തിയാലും ഈ ജോലിയുമായി തന്നെ പാതിരാത്രി കഴിഞ്ഞിട്ടും ഇരിക്കേണ്ടിവന്ന അവസ്ഥ അന്നയ്ക്ക് ഉണ്ടായിരുന്നു.
അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, അന്ന സെബാസ്റ്റ്യൻ്റെ അമ്മ അയച്ച പരാതി കത്ത് ചോർന്നതിൽ EY യിലെ കൊച്ചി, ബോംബെ ഓഫീസുകളിൽ അന്വേഷണം നടക്കുകയാണ്.
Story Highlights: EY Company orders accused officer on leave pending investigation into Anna Sebastian’s death