അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പരാമർശത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അന്നയുടെ അച്ഛൻ സിബി ജോസഫ് വ്യക്തമാക്കി. ഒരു മന്ത്രി ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും, അന്ന ആത്മവിശ്വാസമുള്ള കുട്ടിയായതുകൊണ്ടാണ് അവൾ ജോലി നേടിയതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനിടെയാണ് മന്ത്രി നിർമല സീതാരാമൻ വിചിത്രമായ പരാമർശം നടത്തിയത്. വീടുകളിൽ നിന്ന് സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണമെന്നും, ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദത്തെ നേരിടാൻ പറ്റുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതേസമയം, അന്നയുടെ മാതാപിതാക്കളോട് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വീഡിയോ കോളിലൂടെ സംസാരിച്ചു. മരണം ജോലി സമ്മർദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി മാതാപിതാക്കൾക്ക് ഉറപ്പ് നൽകി.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്നയുടെ മരണത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പൂനെയിൽ ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലായ് 20നായിരുന്നു ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് മരണപ്പെടുന്നത്.
Story Highlights: Anna Sebastian’s father responds to Finance Minister Nirmala Sitharaman’s controversial remarks on work stress and reliance on God