മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട ; 3 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

Anjana

3 crore drugs seized Malappuram
3 crore drugs seized Malappuram

മലപ്പുറം : കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശി പോലീസ് പിടിയിൽ.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് മലപ്പുറം പോലീസ് നടത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊണ്ടോട്ടി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) ആണ് മൂന്ന് കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി പിടിയിലായത്.

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മേൽമുറി ടൗണിൽവെച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചത്.

ബാംഗ്ലൂർ ,ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ  നിന്നും എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തി യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ 12 പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടിയിരുന്നു.

തുടർന്ന്,ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്.

വൻ സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്ന് പ്രതി പറയുന്നു.ജില്ലയിൽ മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹാരിസ്.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മറ്റു വിൽപ്പനക്കാരെകുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെകുറിച്ചുമുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Story highlight : Youth arrested with Rs 3 crore worth of drugs in Malappuram.