രക്തത്തിൽ കുളിച്ച് ദ്വീപ്; അതിക്രൂരമായ ഡോൾഫിൻ വേട്ട.

Anjana

ഫെറോ ദ്വീപിൽ ഡോൾഫിൻ വേട്ട
ഫെറോ ദ്വീപിൽ ഡോൾഫിൻ വേട്ട
Image Credits : Sea Shepherd via AP

ഡെൻമാർക്കിലെ ഫെറോ ദ്വീപിൽ വർഷം തോറും നടക്കുന്ന ഗ്രൈൻഡഡ്രാപ് എന്ന വിനോദ കടൽവേട്ടയിൽ സ്കാലബൊട്നൂർ ബീച്ചിലെ 1500ഓളം ഡോൾഫിനുകളാണ് ഒരു ദിവസം മാത്രം കൊന്നൊടുക്കിയത്. എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോൾഫിനുകളെയുമാണ്  400 വർഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്റെ ഭാഗമായി  എല്ലാ വർഷവും ദ്വീപിൽ വേട്ടയാടുന്നത്.

ഫെറോ ദ്വീപ് തീരത്തോട് ചേർന്ന് ചത്തു കിടക്കുന്ന ഡോൾഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. എന്നാലിതോടെ വിനോദത്തിനായുള്ള ഫെറോ ജനതയുടെ ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തിൽ വലിയ പ്രതിക്ഷേധവും ഉയർന്നു. ഇത്തരം ക്രൂരമായ വേട്ടയാടൽ അനുവദിക്കാൻ പാടില്ലെന്നും ഡോൾഫിൻ വേട്ടയ്ക്കെതിരായി നടപടി സ്വീകരിക്കണമെന്നും കടൽജീവി സംരക്ഷണ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ നൂറ്റാണ്ടുകളായി നടക്കുന്ന വിനോദവേട്ടയായതുകൊണ്ട് തന്നെ  ഫെറോ ദ്വീപിൽ ഈ ക്രൂരകൃത്യം നിയമാനുസൃതവും അംഗീകൃതവുമാണ്. തീരത്തോട് ചേർന്ന് തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ചാകര കാണുമ്പോൾ ദ്വീപ് ജനത ഈ വിനോദത്തിനു തുടക്കമിടും. പ്രത്യേക പരിശീലനവും ലൈസൻസുമുള്ള ആളുകൾക്ക് മാത്രമാണ് ഡോൾഫിനുകളെ  കൊല്ലാനുള്ള അനുമതി.

ദ്വീപ് ജനത വലിയ ആഘോഷമായാണ് ഇവയെ കൊന്നൊടുക്കുന്നത്. ദ്വീപിലെ കരയോട് ചേർന്ന ഭാഗങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതായാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. തിമിംഗലങ്ങളെയും ഡോൾഫിനേയും വേട്ടയാടിയ ശേഷം തീരത്തെത്തിച്ച്‌ അവയുടെ കഴുത്തറുക്കുന്നത് കാണാനായി ഒട്ടേറെ ആളുകളും ദ്വീപിൽ തിങ്ങികൂടാറുണ്ട്. 1428 ഡോൾഫിനുകളെ ദ്വീപ് വാസികൾ കഴിഞ്ഞ ഞായറാഴ്ച മാത്രമായി കൊന്നെടുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌.

മെർക്കുറിയുടെ സാന്നിധ്യമുള്ള തിമിംഗലത്തിന്റെ ഇറച്ചി കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് ദ്വീപിനെ വഴിതെളിക്കുന്നുണ്ട്. ഓർമ്മക്കുറവ്, പാർക്കിൻസൺ എന്നീ രോഗങ്ങൾ ദ്വീപിലെ ജനതയ്ക്ക് പിടിപെട്ടേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ ആചാരം അവസാനിപ്പിക്കാൻ ഫെറോ ജനത തയ്യാറായിട്ടില്ല. എന്നാൽ വംശനാശ ഭീഷണി നേരിടുന്ന തിമിംഗലങ്ങളെ വേട്ടയാടുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ നിരോധനമുള്ള ഒന്നാണ്. എന്നിട്ടും ഫെറോ ദ്വീപിൽ കശാപ്പിനോ വേട്ടയ്ക്കോ  യാതൊരു കുറവുമുണ്ടായിട്ടില്ല.

Story highlight : 1428 Dolphins Were Slaughtered as Part Of Tradition In Faroe Islands.