പാറശാല കിണറ്റുമുക്കിലെ ദമ്പതികളുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ ലത (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘സെല്ലൂസ് ഫാമിലി’ എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ഉടമകളായിരുന്നു ഇവര്‍. ഇന്നലെ രാത്രി മകന് വീട്ടില്‍ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു സെല്‍വരാജ്. പ്രിയ പ്രധാനമായും കുക്കറി ഷോ ആയിരുന്നു തന്റെ യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒക്ടോബര്‍ 25ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ‘വിട പറയുകയാണെന് ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 25ാം തിയതിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Story Highlights: YouTube channel owners found dead in suspected suicide in Parassala, Kerala