വണ്ടിപ്പെരിയാറിലെ പെൺകുട്ടി കൊലക്കേസ്: പ്രതിക്ക് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. പ്രതിയായ അർജുനെ കുറ്റവിമുക്തനാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, പ്രതിക്ക് 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നിർദേശം നൽകി. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
2021 ജൂൺ 30-ന് ചൂരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് ദാരുണമായ സംഭവം നടന്നത്. കഴുത്തിൽ ഷാൾ കുരുങ്ങി അപകടമുണ്ടായി എന്ന നിലയിൽ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയായ അർജുനനിലേക്ക് കേസ് എത്തിച്ചേർന്നത്.
ഹൈക്കോടതിയുടെ ഈ നിർദേശത്തോട് പ്രതികരിച്ച പെൺകുട്ടിയുടെ പിതാവ്, ഹൈക്കോടതിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രതിയെ വെറുതെ വിട്ട വിധി ഉണ്ടായപ്പോൾ തന്നെ നീതി ലഭിക്കുവാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അപ്പീൽ പോകുമെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം.
Story Highlights: High Court directs accused in Vandiperiyar child rape and murder case to surrender within 10 days, failing which arrest warrant to be issued.