സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തൽ. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറാണ് കേരളത്തിൽ നിന്ന് സ്ഥലം മാറി പോകുന്നതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.
കേസിൽ കേരള പോലീസ് സഹായിച്ചില്ലെന്നത് വെറും ആരോപണം അല്ലെന്നും അതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. പലതരത്തിലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ശ്രമിച്ചതായി സുമിത് കുമാർ പറഞ്ഞു.
മുൻപും ഇത്തരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും മുഖം നോക്കാതെയുള്ള നടപടികൾ അന്നും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല സുപ്രധാന കേസുകളിലും ഭാഗമാകാൻ കഴിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ബലമായിരുന്നെന്നും നല്ല ടീം ആയിരുന്നെന്നും സുമിത് കുമാർ.
മഹാരാഷ്ട്രയിൽ ജിഎസ്ടി കമ്മീഷണറായാണ് സുമിത് കുമാറിന്റെ സ്ഥലം മാറ്റം. അദ്ദേഹത്തിന് പകരം രാജേന്ദ്ര കുമാർ സംസ്ഥാനത്തെ പുതിയ കസ്റ്റംസ് കമ്മീഷണറായി ചുമതലയേൽക്കും.
Story Highlights: Sumit Kumar’s response against Kerala police