ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. 7 മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി. CCTV ദൃശ്യങ്ങൾ അടക്കം കാണിച്ചുകൊണ്ടാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണെന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകി. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും പ്രയാഗ വ്യക്തമാക്കി.
ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്ന് പ്രയാഗ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി. കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പോലീസിനോട് പറഞ്ഞു. പ്രയാഗയുടെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: Police confirm actors Sreenath Bhasi and Prayaga Martin have no prior connection to gangster Omprakash in drug case investigation