കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിലെ പ്രധാന സൂത്രധാരൻ സജികുമാർ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് മാസം മുമ്പ് തുടങ്ങിയ ആസൂത്രണത്തിന്റെ ഭാഗമായി, കൊലപാതകത്തിന് ശേഷം സജി ദീപുവിന്റെ വീട്ടിൽ പോയി മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. കസ്റ്റഡിയിലെടുത്ത പൂവാർ സ്വദേശി പ്രദീപ് കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ആദ്യം സുനിൽ എന്ന മെഡിക്കൽ ഉപകരണ ഡീലറുടെ ക്വട്ടേഷൻ ആണെന്ന് സജി പറഞ്ഞെങ്കിലും, പിന്നീട് സജി ഒറ്റയ്ക്കാണ് ആസൂത്രണം നടത്തിയതെന്ന് വ്യക്തമായി. സജി രണ്ട് മാസം മുമ്പേ ദീപുവിനെ കൊല്ലാൻ ആലോചിച്ചിരുന്നു. സുനിലിനോട് മദ്യപാനസമയത്ത് ഇക്കാര്യം പറഞ്ഞെങ്കിലും ആദ്യം അത് തമാശയായി കരുതി. പിന്നീട് കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് സർജിക്കൽ ബ്ലേഡും ക്ലോറോഫോമും വേണമെന്ന് സജി സുനിലിനോട് ആവശ്യപ്പെട്ടു.
കൊലപാതകത്തിന് ശേഷം സജി തന്റെ വീട്ടിലേക്കും പിന്നീട് ദീപുവിന്റെ വീട്ടിലേക്കും പോയി. അവിടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് കുടുംബത്തെ ആശ്വസിപ്പിച്ചു. പൊലീസ് അന്വേഷണം തന്റെ നേരെ തിരിയുന്നത് മനസ്സിലാക്കി സജി ഒളിവിൽ പോയി. സജിയുടെ വീട്ടിൽ നിന്ന് ഏഴര ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണത്തിനായി അന്വേഷണം തുടരുകയാണ്. സുനിലിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, സുനിലുമായി അടുത്ത ബന്ധമുള്ള മണികണ്ഠൻ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.