**മഞ്ചേശ്വരം◾:** മുൻവൈരാഗ്യത്തെ തുടർന്ന് മംഗലാപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിലായി. മംഗലാപുരം മുൾക്കി സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് കൊലപ്പെടുത്തിയത്. മംഗലാപുരം സ്വദേശിയായ അഭിഷേക് ഷെട്ടിയാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്. കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. മുഹമ്മദ് ഷെരീഫിനെ കാണാതായതിനെ തുടർന്ന് കുടുംബം മുൾക്കി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടന്നുവരികെയാണ് മൃതദേഹം മഞ്ചേശ്വരത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
മംഗലാപുരത്തെ റയാൻ ഇൻ്റർനാഷണൽ സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു അഭിഷേക്. മുഹമ്മദ് ഷെരീഫും ഓട്ടോ ഡ്രൈവറായിരുന്നു. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇരുവരും തമ്മിൽ പലപ്പോഴായി പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് അഭിഷേകിന് സ്കൂളിലെ ജോലി നഷ്ടമായി.
ഈ സംഭവത്തിൽ മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം. മുഹമ്മദ് ഷരീഫിൻ്റെ ഓട്ടോ വിളിച്ച് അഭിഷേക് നേരത്തെ പല തവണ വന്നിട്ടുള്ള അടുക്കയിൽ എത്തിച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കാണാതായ സമയത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നിരന്തരം ലഹരി ഉപയോഗിച്ചിരുന്ന പ്രതി കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: An auto driver from Mangaluru was murdered and his body dumped in a well in Manjeshwaram, allegedly due to past enmity, leading to the arrest of one suspect.