**കാസർകോഡ്◾:** ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബേഡകം മണ്ണടുക്കയിൽ പലചരക്ക് കട നടത്തിയിരുന്ന രമിത മരണത്തിന് കീഴടങ്ങിയത്.
ഈ മാസം എട്ടിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. യുവതിയുടെ പലചരക്ക് കടയുടെ അടുത്ത മുറിയിൽ ഫർണിച്ചർ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമമൃതമാണ് പ്രതി.
മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ രമിത ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി രാമമൃതത്തോട് കട മുറി ഒഴിയാൻ ആവശ്യപ്പെട്ടു.
ഇതിന്റെ വൈരാഗ്യത്തിൽ കടയിലെത്തിയ രാമമൃതം രമിതയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് തീ കൊളുത്തി. ഒരാഴ്ച മുമ്പാണ് യുവതിയെ കടയിൽ വെച്ച് തീ കൊളുത്തിയത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ രാമമൃതത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: A woman in Kasaragod died after a man set her on fire following a dispute over a police complaint.