കോഴിക്കോട് നല്ലളം സ്വദേശി അച്ചാരംമ്പത്ത് നവീന്\u200dബാബു (27) എന്ന യുവാവിനെ 190 ഗ്രാം ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്ന് കരുവാരക്കുണ്ടിലേക്ക് വരികയായിരുന്ന ബസിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.
പെരിന്തല്\u200dമണ്ണ ഡിവൈഎസ്പി എ പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പാണ്ടിക്കാട് എസ്ഐ എം കെ ദാസനും സംഘവും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മണം പുറത്തു വരാതിരിക്കാൻ പ്രതി സെല്ലോടേപ്പ് ഉപയോഗിച്ച് കുപ്പി പൊതിഞ്ഞിരുന്നു.
ബാംഗ്ലൂരിൽ നിന്നും മംഗലാപുരത്തു നിന്നും ഹാഷിഷ് ഓയിൽ നാട്ടിലേക്ക് കടത്തി വിൽക്കാനായി വരുന്ന വഴിയിലാണ് നവീൻ ബാബുവിനെ പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയിൽ ഗ്രാമിന് 1000 മുതൽ 2000 രൂപ വരെയാണ് വില്\u200dപന വില. കഞ്ചാവ് വാറ്റിയെടുത്താണ് വീര്യം കൂടിയ ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നത്.
പാണ്ടിക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അജയൻ, അരുൺ കെ കുമാർ, സനു കെ ജോർജ് എന്നിവരും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: A young man was arrested with 190 grams of hashish oil in Kerala.