കണ്ണൂർ കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് മതപഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. മലപ്പുറത്തു നിന്നാണ് പ്രതിയെ കണ്ണവം പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന പ്രതി കോയമ്പത്തൂരിൽ നിന്നും നാട്ടിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പിടിയിലായത്.
കഴിഞ്ഞ മെയ്യിലാണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അജ്മൽ ഖാൻ കൂത്തുപറമ്പിൽ മതപഠനത്തിന് പോയത്. പഠനത്തിൽ പിന്നോട്ടാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനത്തിന്റെ തുടക്കം. വിവരം പുറത്തുള്ളവരോട് പറഞ്ഞതോടെ അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽവടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിലും ഗുഹ്യ ഭാഗത്തും മുളക് ഉടച്ച് തേക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആദ്യം വിഴിഞ്ഞം പോലീസ് എടുത്ത കേസ് കണ്ണൂരിലേക്ക് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സെപ്റ്റംബറിലാണ് ഈ സംഭവം പുറംലോകം അറിയുന്നത്. ശരീരമാസകലം മർദ്ദനമേറ്റ അജ്മൽ ഖാനെ സഹോദരനാണ് കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് കൊണ്ട് വന്നത്.
Story Highlights: Madrasa teacher arrested for brutally torturing student over poor performance in religious studies