കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് 12 കോടി രൂപയുടെ പൂജാ ബംപര് ലോട്ടറി അടിച്ചു. ഭാഗ്യവാനായ ദിനേശിനെ കൊല്ലത്ത് താളമേളങ്ങളോടെ സ്വീകരിച്ചു. ഭാര്യയും രണ്ട് കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ഥിരമായി ബംപര് ടിക്കറ്റെടുക്കാറുണ്ടെന്ന് ദിനേശ് പറഞ്ഞു. ഫാമും ചെറിയ ബിസിനസുമാണ് അദ്ദേഹത്തിന്റെ ജീവിതമാര്ഗം. പാവങ്ങളെ സഹായിക്കുമെന്നും പണം കരുതലോടെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംപര്‍ അടിച്ച വിവരം തലേദിവസം വൈകീട്ട് തന്നെ അറിഞ്ഞിരുന്നതായി ദിനേശ് വെളിപ്പെടുത്തി. കുടുംബത്തിലെ ഒരു വിവാഹം കഴിഞ്ഞ് വരാമെന്ന് കരുതിയതിനാലാണ് വിവരം പങ്കുവെയ്ക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിരമായി ബംപര് ലോട്ടറി എടുക്കുന്ന ആളാണെന്നും, ആദ്യമായാണ് കൊല്ലത്ത് നിന്ന് എടുത്തതെന്നും ദിനേശ് പറഞ്ഞു. പത്ത് ടിക്കറ്റ് വാങ്ങി കുടുംബാംഗങ്ങള്ക്ക് വീതിച്ചു നല്കുന്ന രീതിയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മുമ്പ് 50,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും, 2019-ല് പൂജാ ബംപര് ഒരു നമ്പറിന് നഷ്ടപ്പെട്ടിരുന്നതായും ദിനേശ് പറഞ്ഞു. നാട്ടുകാര്ക്ക് ലോട്ടറി അടിച്ച വിവരം അറിയില്ലെന്നും, ഭാര്യയോട് പോലും അന്ന് രാവിലെയാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്തെ ജയകുമാര് ലോട്ടറീസില് നിന്നാണ് ലോട്ടറി എടുത്തത്. സമ്മാനത്തുകയായ ആറുകോടി 18 ലക്ഷം രൂപ ദിനേശിന് ലഭിക്കും. രണ്ടാം സമ്മാനമായി ഒരു കോടി വീതം അഞ്ച് പേര്ക്കും, മൂന്നാം സമ്മാനമായി ഓരോ പരമ്പരകള്ക്കും രണ്ട് വീതം 10 ലക്ഷവും ലഭിക്കും. 39 ലക്ഷം പൂജാ ബംപര് ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. സമാശ്വാസ സമ്മാനവും കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.
Story Highlights: Kollam native Dinesh Kumar wins 12 crore Pooja Bumper lottery, plans to help the poor