കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കസ്റ്റംസ് അഡീഷണൽ കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശകുന്തള അഗർവാൾ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. മൂന്ന് മൃതദേഹങ്ങളും പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലും ശകുന്തളയുടേത് കിടക്കയിലുമായിരുന്നു. മൃതദേഹങ്ങൾക്ക് 4 മുതൽ 5 ദിവസം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മനീഷ് വിജയ് ഒരാഴ്ചത്തെ അവധിയിലായിരുന്നു. സഹോദരിയുടെ കേസിന്റെ ആവശ്യത്തിനായി നാട്ടിൽ പോകാനായിരുന്നു അവധി എടുത്തിരുന്നതെങ്കിലും നാട്ടിലേക്ക് പോയില്ല. ജോലിയിൽ തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചത്.
സംഭവസ്ഥലത്ത് നിന്ന് ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണമെന്ന് മാത്രമാണ് കുറിപ്പിലുള്ളത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. തൃക്കാക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമ്മയുടെ മൃതദേഹത്തിന് ചുറ്റും പൂക്കൾ വിതറിയതും കുടുംബ ഫോട്ടോ അരികിൽ വച്ചതും പൊലീസിന് ദുരൂഹത ജനിപ്പിക്കുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ജാർഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി 1056, 0471- 2552056 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്. മൂവരുടെയും മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Story Highlights: Three bodies found in a decomposed state in Kakkanad customs quarters, suicide note recovered.