പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഇന്ത്യയോട് ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നിർദ്ദേശിച്ചു. ഇന്ത്യൻ വൈവിധ്യത്തെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം മോദിയോട് ആഹ്വാനം ചെയ്തു.അഹിംസ, സഹിഷ്ണുത, സഹനം ഇവയെല്ലാമാണ് എപ്പോഴും മുന്നിട്ട് നിൽക്കേണ്ടതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിനു ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ചും സൗഹൃദത്തിലൂടെ പുതിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ മുൻകൈയെടുത്തുകൊണ്ടുമായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായത്തിനു തുടക്കം കുറിച്ചതായി ജോ ബൈഡൻ പറഞ്ഞു. വരും കാലങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഇരുരാജ്യങ്ങൾ തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കാൻ ഇന്ത്യ തയാറാണെന്ന് ബൈഡനോട് മോദി പറഞ്ഞു.
ഇന്ത്യ- അമേരിക്ക ബന്ധം മുൻപത്തേക്കാളും ശക്തമാക്കാനുള്ള സൗഹൃദത്തിന് അടിസ്ഥാനമിട്ടതായി മോദി അറിയിച്ചു. ഓരോ ദിവസവും 40 ലക്ഷം ഇന്തോ-അമേരിക്കൻ വംശജർ അമേരിക്കയ്ക്ക് കരുത്ത് പകരാൻ പ്രയത്നിക്കുന്നതായും നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ ഇരുരാജ്യങ്ങളുടെയും സഹകരണത്തിലൂടെ സാധിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
Story highlights: India must uphold democratic values says Biden.