ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതിയായ സുൽത്താനെ തമിഴ്നാട്-ആന്ധ്ര അതിർത്തിയിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. കേസിലെ മറ്റൊരു പ്രതിയായ തസ്ലീമ സുൽത്താനയുടെ ഭർത്താവാണ് സുൽത്താൻ. മലേഷ്യയിൽ നിന്ന് കഞ്ചാവ് ഇന്ത്യയിലെത്തിച്ചത് സുൽത്താനാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. കേരളത്തിലെ ഇടപാടുകൾ തസ്ലീമ വഴിയായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായി.
ഏപ്രിൽ ഒന്നിന് ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയതായി തസ്ലീമ മൊഴി നൽകിയിരുന്നു. സുൽത്താൻ കഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണെന്നും എക്സൈസ് അറിയിച്ചു.
അതേസമയം, കേസിൽ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. എക്സൈസ് വകുപ്പ് നടനെ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. ഹർജിയിൽ എക്സൈസിന് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹർജി പിൻവലിച്ചത്. ആന്ധ്രപ്രദേശിലെത്തിയ എക്സൈസ് സംഘം സുൽത്താനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തും.
Story Highlights: Husband of Tasleema Sultana, Sultan, arrested in hybrid cannabis case from Andhra-Tamil Nadu border.