നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളോ പരിക്കുകളോ കാണാനില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റു വിവരങ്ങളിലും വ്യക്തത വരൂ.
ഗോപൻ സ്വാമിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. മതാചാര പ്രകാരം വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വൈകീട്ട് 3 നും 4 നും ഇടയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലേക്കാണ് മൃതദേഹം ഇന്ന് കൊണ്ടുപോകുന്നത്. ഗോപൻ സ്വാമിയുടെ മകൻ സനന്ദനും വി.എച്ച്.പി. നേതാക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം ലഭിക്കാൻ ഏകദേശം ഒരാഴ്ച സമയമെടുക്കും.
വിവാദമായ ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചപ്പോൾ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്. വായ തുറന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ ഭസ്മവും നെഞ്ചുവരെ പൂജാദ്രവ്യങ്ങളും നിറച്ചിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
Story Highlights: Gopan Swami’s funeral will be held tomorrow following traditional rituals, amidst ongoing investigations into his death.