നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും രണ്ടുമണിയോടെ ആരംഭിച്ച നാമജപ ഘോഷയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടുവളപ്പിൽ നേരത്തെ പൊളിച്ചുനീക്കിയ കല്ലറയുടെ സ്ഥാനത്ത് പുതുതായി നിർമ്മിച്ച ‘ഋഷിപീഠ’ത്തിലാണ് സമാധി. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി തുടങ്ങിയ സംഘടനകളും കുടുംബവും ചേർന്നാണ് ചടങ്ങുകൾ ഒരുക്കിയത്.
സന്യാസിമാരുടെ നേതൃത്വത്തിൽ സമാധിപീഠത്തിൽ പൂജാകർമ്മങ്ങൾ നടന്നുവരികയാണ്. മൂന്നുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം നാലുമണിയോടെ സമാധിയിരുത്തും. സമാധി വിഷയത്തിൽ ഉണ്ടായ വിവാദങ്ങളിൽ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പു ചോദിക്കുന്നതായി ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. വൈകാരികമായി നടത്തിയ പ്രതികരണമായിരുന്നുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോപൻ സ്വാമിയുടെ മരണകാരണം അറിയാൻ ആന്തരാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘം പോലീസിനെ അറിയിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ല. മരണം സംഭവിച്ച സമയത്തെക്കുറിച്ചും വ്യക്തതയില്ല.
Story Highlights: Gopan Swami’s body was brought home in Neyyattinkara for the final rites.