ഓൺലൈനിൽ നിന്ന് വാങ്ങിയ പ്രോട്ടീൻ പൗഡർ യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു. നോയിഡ നിവാസിയായ ആതിം സിംഗ് ഓർഡർ ചെയ്ത പ്രമുഖ ബ്രാൻഡിന്റെ പ്രോട്ടീൻ സപ്ലിമെന്റുകൾ വയറിനെയും കരളിനെയും ബാധിച്ചതോടെ മുഖത്ത് കുരുക്കളും തൊലി പൊട്ടലുകളും ഉണ്ടായി. സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ, ഗ്രേറ്റർ നോയിഡയിലെ സെക്ടർ 86-ലെ ഒരു ഫാക്ടറിയിൽ നിന്നാണ് ഉൽപ്പന്നം വന്നതെന്ന് കണ്ടെത്തി. റെയ്ഡിൽ വ്യാജ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി പിടികൂടി. ‘അത്ലറ്റുകൾക്കുള്ള സമ്പൂർണ്ണ പോഷകാഹാരം’ എന്ന് ലേബൽ ചെയ്ത വ്യാജ പ്രോട്ടീൻ പൗഡർ നിറച്ച പെട്ടികൾ ബേസ്മെന്റിൽ നിന്ന് കണ്ടെത്തി. ഉടമകൾക്ക് ലൈസൻസ് ഇല്ലാതിരുന്നതിനാൽ ഭക്ഷ്യസുരക്ഷാ സംഘത്തെ വിവരമറിയിച്ച് അറസ്റ്റ് ചെയ്തു.
50 ലക്ഷം രൂപ വിലമതിക്കുന്ന പ്രോട്ടീൻ ബോക്സുകൾ, ക്യാപ്സ്യൂളുകൾ, റാപ്പറുകൾ, പൗഡർ ചാക്കുകൾ, പാക്കിംഗ് മെഷീനുകൾ, പ്രിന്റിംഗ് മെഷീനുകൾ, സീലുകൾ എന്നിവ കണ്ടെടുത്തു. ഗാസിയാബാദ് സ്വദേശികളായ സാഹിൽ യാദവ് (27), ഹർഷ് അഗർവാൾ (28), അമിത് ചൗബേ (30) എന്നിവരാണ് വ്യാജ ഭക്ഷ്യ സപ്ലിമെന്റ് ഫാക്ടറി നടത്തിയിരുന്നത്. ഇവർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ സപ്ലിമെന്റുകൾ വിപണി വിലയേക്കാൾ നാലോ അഞ്ചോ ഇരട്ടി വിലയ്ക്ക് വിറ്റിരുന്നു. കായികതാരങ്ങൾ, ബോഡി ബിൽഡർമാർ, ജിമ്മിൽ പോകുന്ന യുവാക്കൾ തുടങ്ങിയവരാണ് പൊതുവെ പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിക്കാറുള്ളത്.
Story Highlights: Fake protein powder factory busted in Noida after consumer falls ill