
എല്ലാ ഫോണുകള്ക്കും ഒരു ചാര്ജര് എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന് യൂണിയന്. മുൻപും എല്ലാ ചാര്ജിംഗ് പോര്ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന് യൂണിയന് മുന്നോട്ട് വച്ചിരുന്നുവെങ്കിലും ആപ്പിള് ഉൾപ്പെടെയുള്ള ചില കമ്പനികള് എതിര്പ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഇതിനെയെല്ലാം മറികടന്ന്കൊണ്ടാണ് യൂറോപ്യന് യൂണിയന്റെ പുതിയ തീരുമാനം വരുന്നത്. നിയമം നടപ്പിലാകുന്നതോടെ ആപ്പിള് ഐഫോണുകള്ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടിയെന്ന് വിപണി വൃത്തങ്ങള് സൂചിപ്പിക്കുന്നു.
ചാര്ജറുകള് ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന് യൂണിയന്റെ ഇത്തരമൊരു തീരുമാനം. ഫോണുകള്ക്ക് പുറമെ ക്യാമറകള്, ടാബുകള്, ഹെഡ്ഫോണുകള്, സ്പീക്കറുകള്, ലാംപുകള് തുടങ്ങിയ എല്ലാത്തിനും ഒരേ ചാര്ജര് എന്ന ആശയമാണ് യൂറോപ്യന് യൂണിയന് വാണജ്യ കമ്മീഷന് ലക്ഷ്യമിടുന്നത്.
“കൂടുതല് ഉപകരണങ്ങള് വാങ്ങുന്നതിനൊപ്പം കൂടുതല് ചാര്ജറുകള് എന്ന ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാന് പോവുകയാണെന്ന് “യൂറോപ്യന് യൂണിയന് വ്യവസായ മേധാവി തിയറി ബ്രെട്ടണ് വ്യക്തമാക്കി. നിയമം പ്രബല്യത്തിലാകുന്നതോടെ ആപ്പിള് ഐഫോണിനും സി-ടൈപ്പ് ചാര്ജിംഗ് സംവിധാനത്തിലേക്ക് മാറേണ്ടിവരും.
അതേസമയം,തങ്ങളുടെ ലെറ്റ്നിംഗ് ചാര്ജിംഗ് ടെക്നോളജി തന്നെ തുടരാം എന്ന നിലപാടിലാണ് ആപ്പിള്. പുറത്തുനിന്നുള്ള ചാര്ജര് ഉപയോഗം തങ്ങളുടെ പ്രോഡക്ടിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്. ചാര്ജിംഗ് രംഗത്ത് തുടർച്ചയായി സാങ്കേതിക മാറ്റങ്ങള് സംഭവിക്കുന്നുണ്ടെന്നും അതിനാല് ഇത്തരം നിയമനിര്മ്മാണങ്ങള് ആവശ്യമില്ലെന്നുമാണ് ആപ്പിളിന്റെ വാദം.
Story highlight: European Union decided on universal charger for all cell phones.