എലോൺ മസ്ക് വിക്കിപീഡിയക്ക് വെല്ലുവിളിയുമായി പുതിയ എഐ അധിഷ്ഠിത വിവരശേഖരണ വേദി ആരംഭിക്കുന്നു. ‘ഗ്രോകിപീഡിയ’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം വിക്കിപീഡിയയെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും വിവരങ്ങൾ കൂടുതൽ വിശ്വസനീയമായി ലഭ്യമാക്കുമെന്നും മസ്ക് അവകാശപ്പെടുന്നു. വിക്കിപീഡിയയെ ഇടതുപക്ഷ പ്രവർത്തകർ നിയന്ത്രിക്കുന്ന ഒരു വേദിയായി വിമർശിച്ചതിന് പിന്നാലെയാണ് മസ്കിൻ്റെ ഈ നീക്കം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് ഗ്രോകിപീഡിയയുടെ നിർമ്മാണത്തെക്കുറിച്ച് അറിയിച്ചത്. വിക്കിപീഡിയയിൽ വിവരങ്ങൾ നിയന്ത്രിക്കുന്നത് ഇടതുപക്ഷ പ്രവർത്തകരാണെന്നും ഇത് ഗൂഗിൾ സെർച്ച് ഫലങ്ങളിൽ ആദ്യമെത്തുന്ന വിവരങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും എക്സിലെ ഉപയോക്താവായ ഡേവിഡ് സാക്സ് വിമർശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മസ്ക് ഗ്രോകിപീഡിയയുടെ പ്രഖ്യാപനം നടത്തിയത്.
ഗ്രോകിപീഡിയ, വിക്കിപീഡിയയെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും മസ്ക് ഉറപ്പ് നൽകി. എല്ലാവർക്കും ഉപയോഗിക്കാനായി ഇത് ഒരു ഓപ്പൺ സോഴ്സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വിക്കീപീഡിയയില് ഇടതുപക്ഷ പ്രവർത്തകരുടെ ഒരു സൈന്യമാണ് വിവരങ്ങൾ നിയന്ത്രിക്കുന്നത്. ഗൂഗിള് സേർച് ഫലങ്ങളിൽ ആദ്യം വന്നു ചേരുന്ന വിക്കിപീഡിയയെ ഇപ്പോൾ എഐ മോഡലുകൾക്ക് വിശ്വസ്തമായ ഉറവിടമായി കാണുന്നു. ഇത് വലിയ ഒരു പ്രശ്നമാണ്.” എന്നായിരുന്നു സാക്സിൻ്റെ പോസ്റ്റ്.
ടെസ്ല സിഇഒയും ശതകോടീശ്വരനുമായ എലോൺ മസ്ക് മുൻപും വിക്കിപീഡിയയെ വിമർശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിക്കിപീഡിയക്ക് എതിരായി സ്വന്തമായി ഒരു എഐ അധിഷ്ഠിത വിവരശേഖരണ വേദി ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ഗ്രോകിപീഡിയയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് എങ്ങനെ വിക്കിപീഡിയയിൽ നിന്ന് വ്യത്യസ്തമായിരിക്കും, വിവരങ്ങളുടെ കൃത്യത എങ്ങനെ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
Story Highlights: Elon Musk is developing Grokipedia, an AI-based knowledge platform, to rival Wikipedia, claiming it will be superior and more reliable.