കൊല്ലം കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയില് വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടര് വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചു. കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കുവാന് സംസ്ഥാന സര്ക്കാരിന് സുപ്രീം കോടതി നിര്ദ്ദേശം നല്കിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിര്ത്തിവെച്ചത്. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവര്ത്തകന് ഡോക്ടർ മുഹമ്മദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.
കേസിലെ പ്രതിയുടെ മാനസികനില മുമ്പ് പരിശോധിച്ചിരുന്ന സാഹചര്യത്തില് പുതിയ ഉത്തരവില് പ്രോസിക്യൂഷന് യാതൊരു ആശങ്കയുമില്ലെന്ന് കേസിലെ സ്പെഷ്യല് പ്രോസിക്യൂട്ടര് അഡ്വ പ്രതാപ് ജി പടിക്കല് വ്യക്തമാക്കി. എന്നാൽ കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കുവാന് പ്രോസിക്യൂഷന് തയ്യാറാണെന്നും പ്രോസിക്യൂട്ടര് വ്യക്തമാക്കി.
കേസിലെ പ്രതി ജി സന്ദീപിനെ ഇന്നലെ കൊല്ലം ഒന്നാം അഡീഷണല് സെഷന്സ് കോടതിയില് ഹാജരാക്കിയിരുന്നു. കഴിഞ്ഞ മാസം സന്ദീപിന്റെ വിടുതല് ഹര്ജി സുപ്രീം കോടതി തള്ളിയിരുന്നു. കോടതി നിര്ദ്ദേശപ്രകാരം പ്രതിയുടെ മാനസിക നില വീണ്ടും പരിശോധിക്കപ്പെടും എന്നത് കേസിന്റെ തുടര്നടപടികളെ സ്വാധീനിക്കും.
Story Highlights: Court adjourns witness examination in Dr Vandana Das murder case due to Supreme Court directive on mental health assessment of accused.