ചേർത്തലയിൽ നിന്ന് കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവിന്റെ ആൺസുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയിലെ അറയിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചു.
രതീഷിന്റെ വീടിന് സമീപത്തെ പൊന്തക്കാട്ടിൽ കുഞ്ഞിനെ എത്തിക്കുമ്പോൾ പൊതിഞ്ഞിരുന്ന തുണിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ. വി.
എം. ആശുപത്രിയിൽ യുവതി പ്രസവിച്ചത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്.
തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവതി പ്രസവിച്ച വിവരം പൊലീസ് സ്ഥിരീകരിച്ചു. യുവതി ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെക്കുകയായിരുന്നു.
വയറ്റിൽ മുഴയാണെന്നാണ് വീട്ടിൽ പറഞ്ഞത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോകുമ്പോൾ യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭർത്താവല്ല, മറിച്ച് മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്നാണ് യുവതി ആദ്യം പറഞ്ഞതെന്ന് വാർഡ് മെമ്പർ ഷിൽജ വ്യക്തമാക്കിയിരുന്നു.
Story Highlights: Newborn’s body found in Cherthala, mother’s male friend confesses to murder